2010 മേയ് 25, ചൊവ്വാഴ്ച

ദൈവനിദ്ര

പണ്ട് പണ്ടൊരിക്കല്‍ ദൈവത്തിന്റെ അനുയായികള്‍ സാത്താനെ പിടിച്ചുകെട്ടി ദൈവത്തിന്റെ കോടതിയിലെത്തിച്ചു. ഇതറിഞ്ഞ് ദൈവ വിശ്വാസികളെല്ലാം കോടതി വളപ്പില്‍ കൂടി. സാത്താനെ കൊല്ലെണമെന്ന് അവര്‍ അലമുറയിട്ടു. അവര്‍ സാത്താനെ കല്ലെറിഞ്ഞു. സാത്താന്‍ ചിരിച്ചുകൊണ്ടിരുന്നു. സാത്താന്റെ ചിരി കണ്ട് ദൈവം അസ്വസ്തനായി. ദൈവം ന്യായവിധി അടുത്ത ദിവസത്തേക്ക് മാറ്റിവച്ച് സിംഹാസനത്തില്‍നിന്നും ഇറങ്ങിപ്പോയി. സാത്താനെ അന്ന് ഒരു രഹസ്യ തടവറയിലേക്ക് മാറ്റി.

രാത്രി ദൈവത്തിന് ഉറക്കം വന്നില്ല. അര്‍ഥരാത്രി ദൈവം ആരുമറിയാതെ സാത്താന്റെ തടവറയിലെത്തി. സാത്താന്‍ സ്വസ്ഥമായി ഉറങ്ങുന്നു. ദൈവം സാത്താനെ വിളിച്ചുണര്‍ത്തി. സാത്താന്‍ ചിരിച്ച്കൊണ്ട് എഴുനേറ്റ് ചമ്രമ്പടഞ്ഞിരുന്നു. സാത്താന്‍ പറഞ്ഞു."നീ വരുമെന്ന് എനിക്കറിയാമായിരുന്നു. കാരണം, എന്നെ കൊന്നാല്‍‌പ്പിന്നെ ദൈവമെ, നിനക്കെന്ത് പ്രസക്തി" ദൈവം തന്റെ തിരുവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന തടവറയുടെ താക്കോല്‍ സാത്താന്റെ കൈയ്യില്‍ കൊടുത്ത് നടന്ന് പോയി.

ദൈവം അന്ന് സുഖമായി ഉറങ്ങി.

2010 മേയ് 10, തിങ്കളാഴ്‌ച

സ്പാം

പണ്ടെന്നോ മറന്ന്പോയ ജനനതീയതി ഓര്‍മ്മിപ്പിച്ച്കൊണ്ടാണ്  അവ‌ളുടെ ഇന്‍ബോക്സിലേക്ക് ആദ്യ മെയില്‍ വരുന്നത്.  8 എന്ന ജനനത്തീയതിക്ക്, നംമ്പറിന്, ആരുമായും സ്ഥിര സൗഹ്രുദമോ പ്രണയമോ സാധ്യമല്ല എന്ന അമേരിക്കന്‍ സംഖ്യാശാസ്ത്രത്തിന്റെ കണ്ടെത്തലുമായി. അത് വായിക്കുമ്പോള്‍ ആദ്യമെയില്‍ വായിക്കുന്നതിന്റെ സന്തോഷത്തോടൊപ്പം ചിരപരിചിതമായ ഒരുപാട് മുഖങ്ങള്‍ മറന്ന് പോകുമോ എന്ന ഭീതിയുടെ മുള്ളും തറഞ്ഞിറങ്ങി. പിന്നീട് എല്ലാ ദിവസവും ലോകത്തെവിടെയോ ഉള്ള ആരോ അയക്കുമെന്ന് പ്രതീക്ഷിച്ച മെയിലിനുവേണ്ടി, ഓഫീസില്‍ ദാനം തരുന്ന ഒരു മണിക്കൂര്‍ ഇന്റെര്‍നെറ്റിനു മുന്നില്‍ വിടര്‍ന്ന കണ്ണുകളുമായി ഇരുന്നു.

ദിവസവും വരുന്ന വയാഗ്രയുടേയും ലോട്ടറിയുടേയും പരസ്യങ്ങളാണ് സ്പാം എന്ന ബട്ടണെ സുപരിചിതമാക്കിയത്. ആരും കത്തയക്കാനില്ല എന്ന യാഥാര്‍ധ്യം അറിയാമായിരുന്നിട്ടും ഒരു മണിക്കൂര്‍ ജീമെയിലിന്റെ ഇന്‍ബൊക്സിലേക്ക് കണ്ണിമക്കാതെ നോക്കിയിരുന്ന് സമയം അവസാനിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും കണ്ണുകള്‍ ഈറനണിയാറുണ്ട്. പരിചയമുള്ള പെണ്‍കുട്ടികളുടെയൊക്കെ മെയില്‍ ഐ ഡി വാങ്ങി. കണ്ട് മുഷിഞ്ഞ ചാരനിറമുള്ള ചാറ്റ് ബള്‍ബുകള്‍ പച്ച നിറത്തില്‍ കാണാന്‍ കൊതിയൂറിയിരുന്നു. പത്രത്താളുകളില്‍ ചാറ്റ് സ്മൈലീസിനെക്കുറിച്ചാരോ എഴുതിയപ്പോള്‍ നോട്ട്ബുക്കില്‍ കുറിച്ചെടുത്ത് മനപാഠമാക്കിവച്ചു. രാത്രികളിലെപ്പോഴോ സ്മൈലികള്‍ നക്ഷത്രങ്ങളായി തിളങ്ങി.

ഒരിക്കല്‍, ദൈവങ്ങളെ ഫോര്‍‌വേഡ് ചെയ്ത് രക്ഷിക്കുന്ന ഒരു മെയിലില്‍ ആരുടെയോ ഫോര്‍‌വേഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന അവന് ദൈവം തന്ന ധൈര്യത്തില്‍ ഒരു മെയില്‍ അയച്ചു. "ഹൗ ആര്‍ യൂ?". മെയില്‍ സെന്റ് ചെയ്തുകഴിഞ്ഞപ്പോള്‍ ഹ്രുദയം വളരെ വേഗമിടിച്ചു. മേല്‍ച്ചുണ്ടില്‍ വിയര്‍പ്പ് നനഞ്ഞു. മാറിടം വളരെ വേഗം ഉയര്‍ന്ന് താണു.

എന്ത്കൊണ്ടോ ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രിക്ക് ശേഷം ഇന്‍ബൊക്സില്‍ അവന്‍. "സുഖം, നിങ്ങള്‍ക്കോ? " സബ്‌ജെക്റ്റ് ലൈനില്‍ ആ വരികള്‍ കണ്ടപ്പോള്‍ ശരീരത്തിലൂടെ ഒരു മിന്നല്‍ പ്രവഹിച്ചത്പോലെ. ഹ്രദയമിടിപ്പ് നിയന്ത്രണാതീതമായി, കഴുത്ത് വിയര്‍പ്പില്‍ കുളിച്ചു. അന്ന് രാത്രിമുഴുവന്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന ചന്ദ്രനെനോക്കിക്കിടന്നു. നക്ഷത്രങ്ങളുടെ താരാട്ട് ഉറക്കം തന്നില്ല. അന്ന് മാത്രമല്ല, സബ്‌ജക്റ്റ് ലൈനിലെ ഒറ്റ വരി, വരികള്‍, ഒരുപാട് രാത്രികളില്‍ ഉറക്കം നഷ്ടപ്പെടുത്തി. എന്നും പ്രഭാതങ്ങള്‍ ഒറ്റ വരിക്കുവേണ്ടി ദാഹിച്ച്കൊണ്ടിരുന്നു. ചിലപ്പോള്‍ അത് ശരീരത്തെയും മനസിനേയും ചൂട്പിടിപ്പിച്ചു. വികാരങ്ങളെ ഒറ്റ് വരിയില്‍ കൈമാറിക്കൊണ്ടിരുന്നു വര്‍ഷങ്ങളോളം. ജന്മദിനങ്ങളിലെ ഒറ്റവരി ആശംസകള്‍ നൂറ് സം‌വല്‍സരം ആയുസു തന്നു.

വിവാഹത്തിന്റെ തലേന്ന് ആ വരികളെയെല്ലാം കൂട്ടമായി സംസ്കരിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍, എന്തോ നാളത്തെ ജീവിതത്തിന്റെ പവിത്രതയേ ആരൊ ചോദ്യം ചെയ്യുന്നത് പോലെ തോന്നി. മധുവിധു നാളുകള്‍ക്കിടെ എത്തിയ ജന്മദിനത്തിന് ഭര്‍ത്താവ് സമ്മാനിച്ച ലാപ്‌ടോപ്പില്‍, മറന്ന്പോയ പാസ്സ്‌വേര്‍ഡ് ഓര്‍ത്തെടുത്ത് ഇന്‍ംബോക്സില്‍ വെറുതേ നോക്കിയപ്പോള്‍ ഒറ്റവരിയില്‍ ഒരു ജന്മദിനാശംസ. സ്പാം ബട്ടണില്‍ ക്ലിക്ക് ചെയ്‌ത് ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ചായുമ്പോള്‍ മനസ്സ് പറഞ്ഞു. "ഇപ്പോള്‍ എന്റെ ഇന്‍ബൊക്സ് പവിത്രമാണ്".